Numbers 22:1-24

ബാലാക്ക് ബിലെയാമിനെ ക്ഷണിക്കുന്നു

1ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.

2ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു. 3ജനം വളരെയധികം ഉണ്ടായിരുന്നതിനാൽ മോവാബ് ഭയപ്പെട്ടു. വാസ്തവത്തിൽ ഇസ്രായേൽമക്കളുടെ സാന്നിധ്യം മോവാബ്യരിൽ ഭീതിയുളവാക്കി.

4മോവാബ്യർ മിദ്യാനിലെ തലവന്മാരോട്, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ പടക്കൂട്ടം നമുക്കുചുറ്റുമുള്ള സകലതും നക്കിക്കളയാൻ പോകുന്നു” എന്നു പറഞ്ഞു.

അന്നു മോവാബിലെ രാജാവായിരുന്ന സിപ്പോരിന്റെ മകൻ ബാലാക്ക്
5ബെയോരിന്റെ മകൻ ബിലെയാമിനെ വിളിക്കാൻ ദൂതന്മാരെ അയച്ചു. അദ്ദേഹം തന്റെ സ്വദേശത്ത്, യൂഫ്രട്ടീസ് നദിക്ക് അരികെയുള്ള പെഥോരിൽ ആയിരുന്നു. ബാലാക്ക് പറഞ്ഞു:

“ഈജിപ്റ്റിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു; അവർ ദേശത്തെ മൂടി എനിക്കു സമീപം പാർപ്പുറപ്പിച്ചിരിക്കുന്നു.
6അവർ എന്നിലും ശക്തന്മാരാകുകയാൽ വന്ന് ഈ ജനത്തെ ശപിക്കണമേ. എങ്കിൽ എനിക്ക് ഈ ജനത്തെ തോൽപ്പിച്ച് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാൻ കഴിഞ്ഞേക്കും. കാരണം നീ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും; നീ ശപിക്കുന്നവർ ശപിക്കപ്പെടും എന്നു ഞാൻ അറിയുന്നു.”

7മോവാബിലെയും മിദ്യാനിലെയും തലവന്മാർ പ്രശ്നദക്ഷിണയുമായി പുറപ്പെട്ടു. അവർ ബിലെയാമിന്റെ അടുക്കൽവന്ന് ബാലാക്ക് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.

8“രാത്രി ഇവിടെ പാർക്കുക, എങ്കിൽ യഹോവ എനിക്കു തരുന്ന മറുപടി ഞാൻ നിങ്ങളെ അറിയിക്കാം,” എന്ന് ബിലെയാം അവരോടു പറഞ്ഞു. അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അദ്ദേഹത്തോടൊപ്പം താമസിച്ചു.

9ദൈവം ബിലെയാമിന്റെ അടുക്കൽവന്ന് “നിന്നോടൊപ്പമുള്ള ഈ പുരുഷന്മാർ ആര്?” എന്നു ചോദിച്ചു.

10ബിലെയാം ദൈവത്തോട്, “മോവാബിലെ രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് എനിക്ക് ഈ സന്ദേശമയച്ചു: 11‘ഈജിപ്റ്റിൽനിന്നും പുറപ്പെട്ടുവന്ന ഒരു ജനം ദേശത്തെ മൂടിയിരിക്കുന്നു. ആകയാൽ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. അങ്ങനെയെങ്കിൽ എനിക്ക് അവരെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞേക്കും.’ ”

12എന്നാൽ ദൈവം ബിലെയാമിനോട്, “അവരോടൊപ്പം പോകരുത്. നീ ആ ജനത്തെ ശപിക്കരുത്, അവർ അനുഗ്രഹിക്കപ്പെട്ടവരാണ്” എന്നു പറഞ്ഞു.

13അടുത്ത പ്രഭാതത്തിൽ ബിലെയാം എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്, “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊൾക, നിങ്ങളോടൊപ്പം വരുന്നതിനു യഹോവ എന്നെ അനുവദിക്കുന്നില്ല” എന്നു പറഞ്ഞു.

14അങ്ങനെ മോവാബ്യപ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, “ഞങ്ങളോടൊപ്പം വരുന്നതിനു ബിലെയാം വിസമ്മതിച്ചു” എന്നു പറഞ്ഞു.

15അതിനുശേഷം ബാലാക്ക് ആദ്യത്തേതിലും മാന്യരായ വേറെ അധികം പ്രഭുക്കന്മാരെ അയച്ചു. 16അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു,

“സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്.
17കാരണം ഞാൻ താങ്കൾക്ക് മാന്യമായ പ്രതിഫലംനൽകും; താങ്കൾ പറയുന്നതെന്തും ചെയ്യും. വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.’ ”

18എന്നാൽ ബിലെയാം അവരോടു പറഞ്ഞത്:

“ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല.
19നിങ്ങളും ഇന്നു രാത്രി ഇവിടെ പാർക്കുക, മറ്റെന്തെങ്കിലുംകൂടി യഹോവ എന്നോടു പറയുമോ എന്നു ഞാൻ അറിയട്ടെ.”

20ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”

ബിലെയാമിന്റെ കഴുത

21ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി. 22എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു. 23യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.

24പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു.
Copyright information for MalMCV